മക്കയെ ലക്ഷ്യമിട്ട ഹൂതി മിസൈൽ അറബ് സഖ്യസേന തകർത്തു; വൻ ദുരന്തം ഒഴിവായി

റിയാദ്∙ മുസ്‍ലിംകളുടെ പുണ്യഭൂമിയായ മക്കയ്ക്കു നേരെവന്ന ഹൂതി മിസൈൽ അറബ് സഖ്യസേന തകർത്തു. അറബ് സഖ്യസേനയുടെ തക്കസമയത്തെ ജാഗ്രതയാണു വൻദുരന്തം ഇല്ലാതാക്കിയത്. യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലാണ് അറബ് സേന തകര്‍ത്തത്. മക്കയില്‍നിന്നും 65 കിലോമീറ്റര്‍ മാത്രം അകലെ വച്ച് മിസൈൽ തകർക്കുകയായിരുന്നുവെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്താ വിഭാഗം അറിയിച്ചു.

വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് ആക്രമണം ഉണ്ടായത്. യെമനിലെ സആദ പ്രവിശ്യയില്‍ നിന്നാണു മിസൈൽ തൊടുത്തുവിട്ടത്. മിസൈൽ വരുന്നുണ്ടെന്ന് മനസിലാക്കിയ അറബ് സേന ഇതു തകര്‍ക്കുകയായിരുന്നു. മക്കയില്‍നിന്ന് ഏകദേശം 900 കിലോമീറ്ററോളം അകലെയാണു സആദ സ്ഥിതി ചെയ്യുന്നത്.

അതേസമയം, ഇത്തരം ആക്രമണങ്ങൾ നടത്തുന്നതിനുള്ള സാങ്കേതികവിദ്യയിൽ ഹൂതികൾക്കു പരിശീലനം നൽകുന്നത് ഇറാനും ഹിസ്ബുള്ള സേനയുമാണെന്ന് സൗദി സേനയുടെ വക്താവ് മേജർ ജനറൽ അഹ്മദാ അസീരി അറിയിച്ചു. മാത്രമല്ല, ഹൂതികൾക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അസീരി അറിയിച്ചു.

ബാലിസ്റ്റിക് മിസൈലായ ബുർകാൻ 1 ആണ് സൗദി അറേബ്യയിലേക്കു വിട്ടതെന്ന് ഹൂതി വിമതർ സ്ഥിരീകരിച്ചു. അതേസമയം, മക്ക ആയിരുന്നില്ല ലക്ഷ്യ സ്ഥാനമെന്നും തിരക്കേറിയ വിമാനത്താവളമായ ജിദ്ദയിൽ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നുമാണ് അവർ പറയുന്നത്.

യമനിലെ ഹൂതികള്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തിൽ അറബ് സഖ്യ സേന ആക്രമണം നടത്തിവരികയാണ്. ഇതിനുള്ള പ്രതികാരമെന്നോണമാണ് ഹൂതികൾ സൗദിക്കു നേരെ മിസൈൽ പ്രയോഗിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*