15 പാക്ക് സൈനികരെ ബിഎസ്എഫ് വധിച്ചു; അതിർത്തിയിൽ ഇന്ത്യൻ പ്രത്യാക്രമണം

ന്യൂഡൽഹി∙ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാന് ചുട്ട മറുപടിയുമായി അതിർത്തിരക്ഷാ സേന (ബിഎസ്എഫ്). ഇന്ത്യ നൽകിയ തിരിച്ചടിയിൽ 15 പാക്ക് റേഞ്ചേഴ്സ് ഭടൻമാർ കൊല്ലപ്പെട്ടെന്ന് ബിഎസ്എഫ് എഡിജി അരുൺ കുമാർ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു ശക്തമായ വെടിവയ്പ്പാണ് ഉണ്ടാകുന്നത്. തങ്ങൾ ഒരിക്കലും ജനവാസ മേഖലയിലേക്ക് വെടിവയ്പ്പ് നടത്തിയിട്ടില്ലെന്നും പാക്കിസ്ഥാനാണ് ആദ്യം ചെയ്തതെന്നും ബിഎസ്എഫ് എഡിജി പറഞ്ഞു. ഇതിന് ഞങ്ങൾ ശക്തമായ മറുപടി നൽകിയെന്നും എഡിജി അരുൺ കുമാർ വ്യക്തമാക്കി.

പാക്ക് അധിനിവേശ കശ്മീരിലെ മിന്നലാക്രമണത്തിനു ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യാക്രമണമാണിത്.

കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ പാക്കിസ്ഥാൻ ശക്തമായ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തുകയാണ്. ഇതേത്തുടർന്ന് ശക്തമായ തിരിച്ചടി നൽകാൻ ബിഎസ്എഫിന് നിർദേശം നൽകിയിരുന്നു. കശ്മീരില്‍ അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. പാക്ക് സൈന്യത്തിന്റെ ആക്രമണത്തിനിടയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമവും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

വ്യാഴാഴ്ച വൈകിട്ട് അഞ്ചിനു തുടങ്ങിയ പ്രകോപനം ഇപ്പോഴും തുടരുകയാണ്. പുലർച്ചെ 24 ബിഎസ്എഫ് പോസ്റ്റുകൾക്കുനേരെ പാക്ക് വെടിവയ്പ്പുണ്ടായി എന്നാണ് റിപ്പോർട്ടുകൾ. അതിർത്തി പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുകയും 200 കിലോമീറ്റർ പരിധിയിൽ അതീവ ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

ഒരാഴ്ച മുമ്പ് ജമ്മു–കശ്മീരിലെ രാജ്യാന്തര അതിർത്തിയിൽ അതിർത്തിരക്ഷാ സേന (ബിഎസ്എഫ്) നടത്തിയ തിരിച്ചടിയിൽ ഏഴു പാക്ക് പട്ടാളക്കാരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ജമ്മു–കശ്മീരിലെ കത്തുവ ജില്ലയിൽ ഹിര നഗറിലെ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ പാക്കിസ്ഥാൻ റേഞ്ചേഴ്സ് വെടിയുതിർത്തതോടെയാണു ബിഎസ്എഫ് ശക്തമായ പ്രത്യാക്രമണം നടത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*