വിജിലൻസ് ഡയറക്ടർ പദവിക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടില്ലന്നും പിണറായി സഭയിൽ

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള ശീതസമരം മുറുകുന്നതിനിടെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് പരസ്യമായി പിന്തുണ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ നയങ്ങൾക്കാണ് മുഖ്യമന്ത്രി തുറന്ന പിന്തുണ അറിയിച്ചിരുക്കുന്നത്. ജേക്കബ് തോമസിനെതിരായ സിബിഐ നടപടി സ്വാഭാവികമല്ല. ചില അധികാര കേന്ദ്രങ്ങളാണ് ഇതിന് പിന്നിൽ. ജേക്കബ് തോമസ് തുടരുന്നതിൽ ഇവർക്ക് എതിരാപ്പാണ്. പുകച്ച് പുറത്തുചാടിക്കാനാണ് ശ്രമം. വിജിലൻസ് ഡയറക്ടർ അനധികൃതമായി എന്തെങ്കിലും ചെയ്തുവെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

തന്റെ ഫ്‌ലാറ്റിൽ റെയ്ഡ് നടത്തിയ വിജിലൻസ് നടപടിക്കെതരെ ധനകാര്യ അഡിഷണൽ ചീഫ്‌സെക്രട്ടറി കെഎം എബ്രഹാം നൽകിയ പരാതിയിൽ ജേക്കബ് തോമസിനോട് വിശദീകരണം തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. റെയ്ഡിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് വീഴ്‌ച്ച പറ്റി. പരാതി ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജേക്കബ് തോമസ് സ്ഥാനത്തിന് ചേരാത്ത പ്രവൃത്തികളൊന്നും ചെയ്യുന്നില്ല. അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കാൻ പാടില്ലെന്ന് ആഗ്രഹിക്കുന്ന ശക്തികളുണ്ട്. സർക്കാർ ദുസ്വാധീനങ്ങൾക്ക് വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കെഎം എബ്രഹാമിന്റെ പരാതി ഉപക്ഷേപമായി സഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്ത് ഐഎഎസ്‌ഐപിഎസ് ഉദ്യോഗസ്ഥർ തമ്മിൽ പോരടിക്കുകയാണ്. അഴിമതിക്കെതിരായ നടപടി കിടമത്സരത്തിന് ഇടയാക്കരുത്. ഉദ്യോഗസ്ഥർക്ക് മീഡിയ മാനിയയാണോ എന്നും ചെന്നിത്തല ചോദിച്ചു.

തന്റെ ഫ്‌ലാറ്റിൽ നടന്ന വിജിലൻസ് റെയ്ഡിനെതിരെ ധനകാര്യ സെക്രട്ടറി കെ.എം. എബ്രഹാം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. പ്രതികാര മനോഭാവത്തോടെ ജേക്കബ് തോമസ് പെരുമാറുന്നുവെന്നാണ് പരാതിയിലെ ആരോപണം. വിജലിൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നീക്കം തന്നെ ഭയപ്പെടുത്താനാണ്. വാറന്റില്ലാതെയാണ് വീട്ടിൽ പരിശോധന നടത്തിയത്. ജേക്കബ് തോമസിനെതിരായ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കെ.എം.എബ്രഹാം പരാതിയിൽ പറയുന്നു.

അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ ഫ്‌ളാറ്റിലാണ് കഴിഞ്ഞ ദിവസം വിജിലൻസ് സംഘം പരിശോധനയ്ക്ക് എത്തിയത്. കെ.എം. എബ്രഹാം അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്നു കോടതിയിൽ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധന സമയത്ത് കെ.എം എബ്രഹാമിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫ്‌ളാറ്റിന്റെ വിസ്തീർണം അളക്കുകയും മറ്റ് വിവരങ്ങൾ വിജിലൻസ് ശേഖരിക്കുകയും ചെയ്തു. എന്നാൽ കെ.എം. എബ്രഹാമിന്റെ ഫ്‌ലാറ്റിൽ റെയ്ഡ് നടത്തിയിട്ടില്ലെന്നും കെട്ടിടത്തിന്റെ അളവ് എടുത്തതേയുള്ളു എന്നാണ് വിജിലൻസ് നിലപാട്.

Be the first to comment

Leave a Reply

Your email address will not be published.


*