ലേണര്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും,ഗാര്‍ഡ കാത്തിരിക്കുന്നു !

ഡബ്ലിന്‍:ലേണര്‍ ഡ്രൈവര്‍മാരുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് റോഡ് സേഫ്റ്റി അതോറ്റിറ്റി ചീഫ് എക്സിക്യുട്ടിവ് മോയാ മര്‍ഡോക്ക്. രക്ഷിതാക്കള്‍ കൂടെയില്ലാത്തപ്പോള്‍ ലേണര്‍ ഡ്രൈവര്‍മാരായ കുട്ടികളെ കാര്‍ ഓടിക്കാന്‍ സമ്മതിക്കരുതെന്നും മര്‍ഡോക്ക് മുന്നറിയിപ്പു നല്‍കി. കുട്ടികള്‍ വാഹനമോടിക്കുമ്പോളാണ് പല അപകടങ്ങളും ഉണ്ടാകുന്നതെന്നും അവര്‍ വ്യക്തമാക്കി. കുട്ടികളെ ശരിയായി ഡ്രൈവിങ് പരിശീലിക്കുന്നതുവരെ രക്ഷിതാക്കള്‍/അഥവാ ചുമതലപെട്ടവര്‍ കാറില്‍ ഒപ്പമുണ്ടാകണമെന്ന് നിര്‍ബന്ധമാണ്.

ഇതുവരെ ഈ വര്‍ഷം 159 പേരാണ് അയര്‍ലണ്ടില്‍ വാഹനാപകടങ്ങളില്‍ മരിച്ചത്. ഇതേ സമയത്തെ കഴിഞ്ഞ വര്‍ഷത്തെ കണക്കിനെക്കാള്‍ 32 പേരുടെ എണ്ണം കൂടുതലാണ് ഇത്. അപകടങ്ങള്‍ കുറയ്ക്കാനായി ഗാര്‍ഡയുമായി ചേര്‍ന്ന് ആര്‍.എസ്.എ ‘Be Safe, Be Seen’ ക്യാംപെയ്ന്‍ നടത്തിവരികയാണ്.

ഓരോ ആഴ്ചയും ശരാശരി 145 പേരെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിടികൂടുന്നതെന്ന് ചീഫ് സൂപ്രണ്ട് ഐഡന്‍ റെയ്ഡ് പറഞ്ഞു. ഓവര്‍ സ്പീഡിന് ഓരോ ആഴ്ചയും 4,000 പേരും, ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നതിന് 500 പേരും പിടിക്കപ്പെടുന്നു. ആളുകള്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാകണം.

നിയമം പാലിക്കാതെ വാഹനം ഓടിക്കുന്ന ലേണിംഗ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഗാര്‍ഡയും രംഗത്തുണ്ട്.ഫുള്‍ ലൈസന്‍സ് ഇല്ലാത്ത ആളോടൊപ്പമല്ലാതെ വാഹനം ഓടിയ്ക്കുന്ന ലേണിംഗ് ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നിലപാട് എടുക്കാനാണ് ഗാര്‍ഡയ്ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.ഈ ആഴ്ച അവസാനം മുതല്‍ ഇത് സംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ചില മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏതെങ്കിലും ട്രാഫിക്ക് നിയമനങ്ങള്‍ തെറ്റിയ്ക്കുന്ന ലേണിംഗ് ഡ്രൈവര്‍മാരില്‍ നിന്നും പിടിയ്ക്കപ്പെട്ടാല്‍ പിഴ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്.ഫുള്‍ ലൈസന്‍സ് ഉള്ളയാള്‍ കൂടെയുണ്ടെങ്കിലും വാഹനമോടിയ്ക്കുന്നത് ലേണിംഗ് ഡ്രൈവര്‍ ആണെങ്കില്‍ അയാള്‍ വേണം പിഴ അടയ്ക്കേണ്ടതും.50 യൂറോ പിഴ അടയ്ക്കുന്നതിനൊപ്പം രണ്ടു പെനാലിറ്റി പോയിന്റും ലഭിക്കും.മൂന്നു വര്‍ഷത്തിനുള്ളില്‍ 12 പെനാലിറ്റി പോയിന്റുകള്‍ വാങ്ങേണ്ടി വന്നാല്‍ അടുത്ത ആറുമാസത്തേയ്ക്ക് ഡ്രൈവിംഗ് ചെയ്യുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തുമെന്നും നിയമത്തിലുണ്ട്.

എന്നാല്‍ നിയമപരമായ മുന്നറിയിപ്പ് പാലിക്കാന്‍ ഏവരും കടപ്പെട്ടവരാണെന്നും അതിനു നിശ്ചിത സമയക്രമം ഉണ്ടാവില്ലെന്നും നിയമലംഘനം നടത്തുന്നവര്‍ ഏത് സമയവും പിടിയ്ക്കപ്പെടാമെന്നും ഗാര്‍ഡ പ്രസ് ഓഫിസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*