യൂറോപ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ യുകെയില്‍ നിന്നും കൂട്ടത്തോടെ അയര്‍ലണ്ടിലേക്ക്

ഡബ്ലിന്‍:ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ അയര്‍ലണ്ടിലേയ്ക്ക് ചുവടുമാറ്റാന്‍ ഒരുങ്ങുന്നു. അയര്‍ലണ്ട്-ഇന്ത്യ ബിസിനസ് അസോസിയേഷന്‍ (ഐ.ഐ.ബി.എ) മേധാവി നിളാകാന്തി ഫോര്‍ഡ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന രാജ്യങ്ങളില്‍ അയര്‍ലണ്ട് കാര്യമായി പ്രതിനിധീകരിക്കപ്പെടുന്നില്ലെന്നും, ഈ അവസ്ഥ മാറണമെന്നും നിളാകാന്തി ഫോര്‍ഡ് പറഞ്ഞു. അയര്‍ലണ്ടുമായുള്ള ബന്ധം ഇന്ത്യ വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും, ഇന്ത്യന്‍ കമ്പനികള്‍ക്ക് അയര്‍ലണ്ടില്‍ നിക്ഷേപം നടത്താന്‍ സാധ്യതകളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടന്‍ ഇയുവിന് പുറത്തെത്തുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ എങ്ങനെ ബിസിനസ് നടത്തും എന്ന കാര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കമ്പനികള്‍ ആശയക്കുഴപ്പത്തിലാകും. ഇതിന് പരിഹാരമാകുക കമ്പനികളെ അയര്‍ലണ്ടിലേയ്ക്ക് പറിച്ചുനടുക എന്നതാകും.മിക്ക കമ്പനികളും ഇതിനകം തന്നെ അയര്‍ലണ്ടില്‍ താവളങ്ങള്‍ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയര്‍ലണ്ട് സന്ദര്‍ശനത്തില്‍ ഒപ്പുവെച്ച വ്യാപാര സൗഹൃദക്കരാറുകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അയര്‍ലണ്ടില്‍ എത്തി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സഹായകമാകും
ഐ.ഡി.എയുടെ കണക്കുകള്‍ പ്രകാരം നിലവില്‍ 30ലേറെ ഇന്ത്യന്‍ കമ്പനികള്‍ അയര്‍ലണ്ടില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ കമ്പനികളിലായി 3,000ഓളം പേര്‍ ജോലി ചെയ്യുകയും ചെയ്യുന്നു. വോക്ക്ഹാഡ്, ഇന്‍ഫോസിസ്, ക്രോംപ്റ്റണ്‍ ഗ്രീവ്സ് എന്നീ വമ്പന്മാര്‍ ഇതില്‍പ്പെടും.യൂ കെ യിലാവട്ടെ അഞ്ഞൂറോളം ഇന്ത്യന്‍ കമ്പനികളാണ് യൂറോപ്യന്‍ വിപണിയെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നത്.ഇവയില്‍ നല്ലൊരു ശതമാനവും അയര്‍ലണ്ടിലേയ്ക് ചേക്കേറാനാണ് പദ്ധതിയിടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*