ഭവനപ്രതിസന്ധിക്ക് പരിഹാരം വൈകും,ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കാന്‍ തുടങ്ങി

ഡബ്ലിന്‍ :അയര്‍ലണ്ട് നേരിട്ടുകൊണ്ടിരിക്കുന്ന ഭവനപ്രതിസന്ധിക്ക് 2020 വരെയെങ്കിലും പരിഹാരമാകില്ലെന്ന് പഠനം. 14,000 വീടുകളാണ് ഈ വര്‍ഷം അവസാനത്തോടെ പണി പൂര്‍ത്തിയാക്കുകയെന്നാണ് കരുതുന്നത്. എന്നാല്‍ നിലവിലെ ആവശ്യത്തിന്റെ പകുതിയെ വരു ഇത്. പ്രോപ്പര്‍ട്ടി കമ്പനിയായ ഡേവിയാണ് പഠനം നടത്തിയിട്ടുള്ളത്.

‘ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 33,136 ഇടപാടുകളാണ് വീടുകളുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്നാണ് കമ്പനി പറയുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.4% കുറവാണ്,’ കമ്പനി ഇറക്കിയ കുറിപ്പില്‍ പറയുന്നു.

ഇഎസ്ആര്‍ഐയുടെ കണക്കനുസരിച്ച് ഭവനപ്രതിസന്ധിക്ക് പരിഹാരം കാണാനായി ഓരോ വര്‍ഷവും 25,000 വീടുകള്‍ വീതം പണി കഴിക്കണം. എന്നാല്‍ നിലവില്‍ ഇതിന്റെ പകുതിയോളമേ നിര്‍മ്മാണം നടക്കുന്നുള്ളൂ. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ ഫസ്റ്റ് ടൈം ബയര്‍ സ്‌കീം വീടുകള്‍ വാങ്ങാനായി കൂടുതല്‍ പേരെ സഹായിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും കമ്പനി വ്യക്തമാക്കി.

കൂടുതല്‍ വീടുകള്‍ക്കായി ഏജന്‍സികള്‍ അപേക്ഷ സമര്‍പ്പിക്കുന്നുണ്ടെങ്കിലും അതെപ്പോള്‍ പൂര്‍ത്തിയാകും എന്നതിനെ കുറിച്ച് അനിശ്ചിതത്വമുണ്ട്.സൗത്ത് ഡബ്ലിനിലെ ബ്‌ളാക്ക് റോക്ക് കാബന്റ്‌റീലിയില്‍ 164 വീടുകള്‍ക്കുള്ള അപേക്ഷ പുനസമര്‍പ്പിക്കുവാന്‍ ഹൗസിംഗ് ഏജന്‍സിയായ ഓ ഫ്‌ലയിന് ഹൈക്കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു.

ഇതിനിടെ ബാങ്കിങ് മോര്‍ട്ട്‌ഗേജ് മേഖലയില്‍ പലിശനിരക്ക് കുറയ്ക്കാന്‍ മത്സരം ആരംഭിച്ചത് ഉപഭോക്താക്കള്‍ക്ക് അനുകൂലമായ നീക്കമാണ്. കെബിസി ബാങ്ക് തങ്ങളുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും പലിശനിരക്ക് പലിശ വലിയ തോതില്‍ വെട്ടിക്കുറച്ചു. 0.1% മുതല്‍ 0.6% വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. ഇതോടെ ചില ഉപഭോക്താക്കള്‍ക്ക് 2.9% മാത്രം പലിശ നല്‍കിയാല്‍ മതിയാകും. പുതിയ ഉപഭോക്താക്കള്‍ക്ക് ചൊവ്വാഴ്ച മുതല്‍ നിരക്ക് ലഭ്യമായിത്തുടങ്ങും. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് നിരക്ക് കുറയാന്‍ ഡിസംബര്‍ 1 വരെ കാത്തിരിക്കേണ്ടി വരും.

കെബിസി പലിശ നിരക്ക് കുറച്ചതോടെ എതിരാളികളായ എഐബി, ബാങ്ക് ഓഫ് അയര്‍ലണ്ട്, അള്‍സ്റ്റര്‍ ബാങ്ക് എന്നിവര്‍ തമ്മില്‍ കടുത്ത മത്സരത്തിന് കളമൊരുങ്ങുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*