ഡബ്ലിനില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് മോഷണശ്രമത്തിനിടെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റു.

ഡബ്ലിനില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിക്ക് പഠിക്കുന്ന മലയാളിയായ അലോക് തോമസിന്റെ (22) ഭവനത്തിലാണ് മോഷണ ശ്രമമുണ്ടായത്. മോഷണ ശ്രമത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ അലോകിന് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവാഴ്ച പകല്‍ മൂന്ന് മണിയോടെയാണ് കില്‍ഡയറിലെ സെലബ്രിഡ്ജിലെ പ്രധാന വീഥിയില്‍ താമസിക്കുന്ന അലോകിന്റെ ഭവനത്തില്‍ മോഷ്ടാക്കള്‍ പ്രവേശിച്ചത്.

അടുക്കള ജനാല തകര്‍ത്ത് വീട്ടിനുള്ളില്‍ കയറിയ മോഷ്ടാക്കള്‍ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്ന അലോകിനെ ബേസ്ബാള്‍ ബാറ്റുകൊണ്ട് മര്‍ദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പണമാണ് മോഷ്ടാക്കളുടെ ഉദ്ദേശ്യം എന്ന മനസ്സിലാക്കിയ അലോക് തന്റെ കൈയില്‍ പണമില്ലെന്ന് പറഞ്ഞെങ്കിലും മോഷ്ടാക്കള്‍ വീണ്ടും മര്‍ദിക്കുകയും കത്തി ഉപയോഗിച്ച് കൈയില്‍ മുറിപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെട്ട ഓടിയ അലോക് അടുത്തുള്ള ഷോപ്പിലെ ജീവനക്കാരെ വിവരമറിയിക്കുകയും ആളുകള്‍ എത്തുന്നതിനിടെ മോഷ്ടാക്കള്‍ അടുക്കള ജനാല വഴി ഓടി രക്ഷപ്പെടുകയും

കൈയില്‍ നിന്ന് രക്തമൊഴുകുകയായിരുന്ന അലോകിനെ ഷോപ്പിലെ ജീവനക്കാര്‍ ബ്ലാഞ്ചഡ്‌സ്ടൗണിലെ കെര്‍ണലി ആശുപത്രിയില്‍ എത്തിച്ചു. കൈക്ക് പറ്റിയ ആഴത്തിലുള്ള മുറിവ് തുന്നികെട്ടിയെങ്കിലും അലോകിനുണ്ടായ ഭയം ഇതുവരെ വിട്ടു മാറിയിട്ടില്ല. അക്രമ സംഭവങ്ങള്‍ കുറഞ്ഞ ഈ സ്ട്രീറ്റില്‍ പകല്‍സമയത്ത് ഇത്തരമൊരു ആക്രമണം തനിക്ക് നേരെ ഉണ്ടാകുമെന്ന് അലോക് ചിന്തിച്ചിരുന്നില്ല. മോഷ്ടാക്കള്‍ക്ക് ഐറിഷ് ഉച്ചാരണമായിരുന്നുവെന്ന് അലോക് ഓര്‍ക്കുന്നു. വീടുകളിലെ ജനാലകളും വാതിലുകളും ഇപ്പോഴും അടച്ച് സൂക്ഷിക്കണമെന്നും അലോക് പറയുന്നു. അലോക് ഡബ്ലിനില്‍ എത്തിയിട്ട് എട്ട് മാസം മാത്രമേ ആകുന്നുള്ളു.

ഗാര്‍ഡ അനാലിസിസ് സെര്‍വീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മോഷ്ടാക്കള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നത് വീടിന് പുറകു വശത്തെ വാതിലുകളും ജനാലകളുമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*